വാഷിങ്‌ടണ്‍: ചന്ദ്രനില്‍ ജലാംശത്തിന് തെളിവ് ലഭിച്ചതായി നാസ സ്‌ഥിരീകരിച്ചു. വ്യാഴാഴ്‌ച രാത്രി ഇന്ത്യന്‍ സമയം 11.30 നാണ് ഇതു സംബന്ധിച്ച നാസയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. ചന്ദ്രനില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജലമുണ്ടെന്നതിനാണ് ഇപ്പോള്‍ തെളിവ് ലഭിച്ചിരിക്കുന്നത്.
ഓക്‌സിജന്റെയും ഹൈഡ്രജന്റെയും ഏക ആറ്റം രൂപമായ ഹൈഡ്രോക്‌സില്‍ രുപത്തിലാണ് ജലസാന്നിധ്യം ചന്ദ്രനില്‍ കണ്ടെത്തിയത്. ജലസാന്നിധ്യം എങ്ങനെ വന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ചന്ദ്രോപരിതലത്തില്‍നിന്ന് പ്രതിഫലിച്ച പ്രകാശ രശ്‌മികളിലെ സ്‌പെക്‌ട്രല്‍ അനാലിസിസാണ് ജലത്തിന്റെ സാന്നിധ്യം അറിയിച്ചത്. ജലസാന്നിധ്യം ഉണ്ടെന്ന കണ്ടുപിടിത്തം നാസയുടെയും ഐ എസ് ആര്‍ യുടെയും സംയുക്‌ത ശ്രമഫലമായിആണെന്നും നാസ അറിയിച്ചു.
ചന്ദ്രയാന്‍ 1 ദൗത്യത്തില്‍ ഉണ്ടായിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ ആണ് ചന്ദ്രനിലെ ജലസാന്നിധ്യത്തിനുള്ള തെളിവുകള്‍ കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിലെ മണ്‍പാടയില്‍ നിന്നുള്ള പ്രകാശപ്രതിഫലനത്തിന്റെ തരംഗദൈര്‍ഘ്യത്തില്‍ ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസബന്ധനത്തിന്റെ സൂചനകളാണ് ലഭിച്ചതെന്ന് നാസയിലെ ശാസ്‌ത്രജ്‌ഞര്‍ വെളിപ്പെടുത്തി.
ചന്ദ്രനിലെ പാറയിലും മണ്ണിലുമുള്ള ഓക്‌സിജന്‍ സൂര്യനില്‍ നിന്നുള്ള വികിരണത്തിലുള്ള പ്രോട്ടോണ്‍ രൂപത്തിലുള്ള ഹൈഡ്രജനുമായി ചേര്‍ന്നാണ് ജലം ഉണ്ടായതെന്നാണ് ശാസ്‌ത്രജ്‌ഞരുടെ നിഗമനം. 40 വര്‍ഷം മുമ്പ് അപ്പോളോ ദൗത്യത്തില്‍ ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന പാറകള്‍ പരിശോധിച്ച ശേഷമാണ് ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ശാസ്‌ത്രജ്‌ഞര്‍ ആദ്യമായി അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഇതു സ്‌ഥിരീകരിക്കാന്‍ പറ്റിയെ തെളിവുകള്‍ ഇതുവരെ ലഭിച്ചിരുന്നില്ല.ചന്ദ്രനിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ജലതന്മാത്രകളും ജലസാന്നിധ്യം വ്യക്‌തമാക്കുന്ന തരത്തില്‍ ഹൈഡ്രജന്‍- ഓക്‌സിജന്‍ സംയുക്‌തമായ ഹെഡ്രോക്‌സിലുകളും കണ്ടെത്തിയെന്നാണ് സൂചന.
1 comments:
very good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ