കൊച്ചി: കമ്പനികളും ഓഡിറ്റിനു വിധേയമായ വ്യക്‌തികളും, സ്‌ഥാപനങ്ങളും വേതനം വാങ്ങുന്ന പാര്‍ട്‌ണര്‍മാരും 2008-09 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്‌റ്റംബര്‍ 30. ഫ്രിന്‍ജ് ബനിഫിറ്റ് നികുതിയുടെ റിട്ടേണ്‍ കൊടുക്കേണ്ട തീയതിയും ഇതുതന്നെയാണ്. വ്യക്‌തികള്‍ ഫ്രിന്‍ജ് ബനിഫിറ്റ് നികുതി നല്‍കേണ്ടതില്ല.ധര്‍മ സ്‌ഥാപനങ്ങള്‍ക്കുള്ള കിഴിവു തേടുന്നവ ഒഴിച്ചുള്ള കമ്പനികളും ഓഡിറ്റിങ്ങുള്ള പാര്‍ട്‌ണര്‍ഷിപ്പ് സ്‌ഥാപനങ്ങളും റിട്ടേണ്‍ നിര്‍ബന്ധമായും ഇലക്‌ട്രോണിക്കായി തന്നെ സമര്‍പ്പിക്കണം. നികുതി നിയമത്തിന്റെ ചട്ടം 12 പ്രകാരം ഓഡിറ്റുള്ള വ്യക്‌തികള്‍ക്ക് ഇലക്‌ട്രോണിക് റിട്ടേണ്‍ നിര്‍ബന്ധമല്ല. ഇവര്‍ കടലാസില്‍ അച്ചടിച്ച റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
ഡിജിറ്റല്‍ ഒപ്പിടാതെ ഇലക്‌ട്രോണിക്കായി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ഐ ടി ആര്‍ - വി യിലുള്ള പ്രഖ്യാപനം നല്‍കിയിരിക്കണം. ഇത് ഇലക്‌ട്രോണിക് റിട്ടേണ്‍ സമര്‍പ്പിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. അതിനുകഴിഞ്ഞില്ലെങ്കില്‍ നേരത്തേ സമര്‍പ്പിച്ച റിട്ടേണ്‍ പരിഗണനയ്‌ക്കെടുക്കില്ല. റിട്ടേണിന്റെ ഐ ടി ആര്‍ - വി നികുതി വകുപ്പിന്റെ ബാംഗ്ലൂരിലെ ഓഫിസില്‍ മാത്രമെ സ്വീകരിക്കൂ.
റിട്ടേണില്‍ നഷ്‌ടം വെളിപ്പെടുത്തുന്നവര്‍ അവസാന തീയതിക്കു ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ വരുംകാല ലാഭവുമായി ആ നഷ്‌ടം തട്ടിക്കിഴിക്കാന്‍ അനുവാദം ലഭിക്കില്ല. സ്വന്തമായി ബിസിനസ്, ജോലിയുള്ള വ്യക്‌തികള്‍ ഫോം നാലില്‍ ആണു റിട്ടേണ്‍ നല്‍കേണ്ടത്.
വ്യാപാരമോ സേവനമോ ചെയ്യുന്ന പാര്‍ട്‌ണര്‍ഷിപ്പുകളും വ്യക്‌തികളുടെ കൂട്ടായ്‌മകളും ഫോം-അഞ്ചിലും കമ്പനികള്‍ ഐ ടി ആര്‍ - ആറിലും ജീവകാരുണ്യ സ്‌ഥാപനങ്ങള്‍ ഫോം-ഏഴിലും, ഫ്രിന്‍ജ് ബനിഫിറ്റ് നികുതിക്ക് ഫോം - എട്ടിലുമാണ് റിട്ടേണ്‍ നല്‍കേണ്ടത്.
ഓഡിറ്റിനു വിധേയമായ നികുതിദായകര്‍ സെപ്‌റ്റംബര്‍ 30 നകം ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപയോ വിറ്റുവരവിന്റെ അര ശതമാനമോ ഏതാണു കുറവ് അതു പിഴയായി നല്‍കണം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ