ന്യൂഡല്‍ഹി: നാണയപ്പെരുപ്പം ഇരട്ട അക്കത്തിലേക്ക് കടക്കാനൊരുങ്ങൂകയും അവശ്യസാധനങ്ങള്‍ക്ക് തീപൊള്ളുന്ന വിലക്കയറ്റം ഉണ്ടാകുകയും ചെയ്‌ത സാഹചര്യത്തിലും ജനത്തിന് വീണ്ടും ഇരുട്ടടി. ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും ഉടന്‍ വില വര്‍ധിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ കമ്പോളത്തില്‍ ലഭിക്കുന്നത്. ടെലിവിഷനും റെഫ്രിജറേറ്ററിനും എ സിക്കുമെല്ലാം 6.5 ശതമാനംവരെ വില ഉയര്‍ന്നേക്കുമെന്നാണ് സൂചന.
വരുന്ന കേന്ദ്രബജറ്റില്‍ സാമ്പത്തിക ഉത്തേജക പാക്കേജിലെ ചില ഇളവുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനമാണ് ഗൃഹോപകരണങ്ങളുടെ വിലവര്‍ധനവിന് വഴിവയ്‌ക്കുന്നത്. ഗോദറേജ് തങ്ങളുടെ ഉത്‌പന്നങ്ങള്‍ക്ക് കുറഞ്ഞത് മൂന്ന് ശതമാനത്തിന്റെ വില വര്‍ധനയെങ്കിലും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. ഗോദറേജ് അപ്ലൈയന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജോര്‍ജ് മെനസസ് ആണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ ഉത്‌പാദന ചെലവില്‍ 15 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും ഇതില്‍ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാതെ വഴിയില്ലെന്നുമാണ് മെനസസ് നല്‍കുന്ന ന്യായം. ഏതായാലും ബജറ്റ് പ്രഖ്യാപനം വരുന്നതും കാത്തിരിക്കുകയാണ് ഗോദറേജ്.
ഇതേ വഴിതന്നെയാണ് വീഡിയോകോണിന്റെയും. ആറ് ശതമാനംവരെ വില വര്‍ധനവ് വരുത്താനാണ് അവര്‍ ഒരുങ്ങിയിരിക്കുന്നത്. വില വര്‍ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആ വര്‍ധന ആദ്യം ഏത് കമ്പനി പ്രഖ്യാപിക്കും എന്നുമാത്രമേ നോക്കേണ്ടതുള്ളൂവെന്ന നിലപാടുകാരനാണ് വീഡിയോകോണ്‍ വൈസ് പ്രസിഡന്റ് സി എം സിംഗ്.









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ